തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനപൂർവമാണെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.
പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതിയത് പത്മകുമാറാണെന്നും എസ്ഐടി കണ്ടെത്തി. സ്വർണം പൂശാൻ തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല.
കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രിയല്ല. അത്തരം രേഖകൾ ലഭ്യമല്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചു. പാളികൾ അറ്റകുറ്റപ്പണി നടത്താൻ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോർഡ് പ്രസിഡന്റ് രേഖകൾ പരിശോധിച്ചില്ല.
കേസിൽ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് 11-ാം പ്രതിയാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. ശബരിമല സ്വർണക്കവർച്ചക്കേസിൽ അരങ്ങേറിയത് വിശാല ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിരുന്നു